കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. വിവാഹാലോചനയുടെ പേരില്‍ വീട്ടിലെത്തിയാണ് ഒരു സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതെന്ന് ഷംന പറയുന്നു. കേസില്‍ ഇനിയും രണ്ട് പേര് കൂടി പിടിയിലാവാനുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
വിവാഹാലോചനയുമായി എത്തിയ പ്രതികള്‍ ആദ്യം കുടുംബവുമായി ഒരാഴ്ചയ്ക്കുള്ളില്‍ നല്ല ബന്ധം സ്ഥാപിച്ചു. കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയതെന്നും നടി വ്യക്തമാക്കി. പിന്നീട് പണം ചോദിച്ചു. ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞാണ് നടിയില്‍നിന്ന് പണം ആവശ്യപ്പെട്ടെന്ന് പോലീസ് പറയുന്നു.
എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നാണ് നടി ഷംന കാസിം പ്രതികരിച്ചത്. പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് വരെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി നടി ഒരു മാധ്യമത്തോടായി പറഞ്ഞു. എന്നാല്‍ താന്‍ പണം നല്‍കിയിട്ടില്ലെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസില്‍ അറിയിച്ചെന്നുമാണ് നടി പറയുന്നത്.
തൃശ്ശൂര്‍ സ്വദേശികളായ അഷ്റഫ്, രമേശ്, റഫീഖ്, ശരത് എന്നിവരെയാണ് നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചി മരട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനി പിടികൂടാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
Discussion about this post