കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷ്ടിച്ച മൈക്രോ പ്രോസസര്‍ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ ഒഎല്‍എക്‌സ് വഴിയാണ് ഇത് വിറ്റത്. ഇത് വാങ്ങിയ ആളില്‍ നിന്നാണ് എന്‍ഐഎ സംഘം ഇത് കണ്ടെടുത്തത്. ഇതോടെ മോഷണം പോയ എല്ലാ വസ്തുക്കളും അന്വേഷണസംഘം വീണ്ടെടുത്തു.
അതേസമയം പ്രോസസറില്‍നിന്ന് എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതും എന്‍ഐഎ സംഘം അന്വേഷിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതില്‍ 19 എണ്ണവും നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കപ്പല്‍ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്ന ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളാണ് മോഷണക്കേസില്‍ പിടിയിലായത്. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. 2019 സെപ്റ്റംബറിലാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മോഷണം നടന്നത്. വിമാനവാഹിനിക്കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളും ചില അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്.