ആലപ്പുഴ: ബംഗളൂരുവില്‍ നിന്നെത്തിയ ശേഷം യുവാവ് ക്വാറന്റൈന് സൗകര്യം തേടി നേരെ എത്തിയത് ആലപ്പുഴ കളക്ട്രേറ്റില്‍. ഇതോടെ കളക്ട്രേറ്റ് പരിസരം അണുവിമുക്തമാക്കേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹരിപ്പാട് സ്വദേശിയായ യുവാവാണ് ക്വാറന്റീനില്‍ കഴിയാന്‍ മുറി തേടി കളക്ട്രേറ്റില്‍ എത്തിയത്.
ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിയ യുവാവ് ടാക്സിയിലാണ് നഗരത്തിലെത്തിയത്. അതിനിടെ കളക്ട്രേറ്റിന് സമീപത്തെ പെയ്ഡ് ക്വാറന്റീന് സെന്ററില്‍ മുറി ഒഴിവുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ കൊവിഡ് സെന്ററില്‍ വിളിച്ചതോടെ ശുചീകരണം നടത്തിയിട്ടില്ലാത്തതിനാല്‍ മുറി ഒഴിവില്ലെന്നായിരുന്നു മറുപടി.
തുടര്‍ന്ന് മുറി തേടി കളക്ട്രേറ്റില്‍ പ്രവേശിക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന പോലീസുകാരന്റെ നിര്‍ദേശ പ്രകാരം സഹായം തേടിയാണ് താന്‍ കളക്ട്രേറ്റില്‍ പ്രവേശിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിനോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബംഗളൂരുവില്‍ നിന്നെത്തിയതാണെന്ന വിവരം ജീവനക്കാര്‍ അറിയുന്നത്.
തുടര്‍ന്ന് ജീവനക്കാര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ യുവാവിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ജീവനക്കാര്‍ കളക്ട്രേറ്റ് പരിസരത്തുണ്ടായിരുന്നവരെ നീക്കം ചെയ്ത ശേഷം ഗേറ്റ് പൂട്ടി. അഗ്നിശമന സേന എത്തി അണുനശീകരണം നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.
അതേസമയം, എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് നാട്ടില്‍ എത്തിയതെന്നും വീട്ടില്‍ സൗകര്യം ഇല്ലാത്തതുകൊണ്ടാണ് പെയ്ഡ് ക്വാറന്റിന് തെരഞ്ഞെടുത്തതെന്നും യുവാവ് പറഞ്ഞു. കളക്ട്രേറ്റില്‍ നില്ക്കുമ്പോള് തന്നെ മുറി ശരിയായതായി കൊവിഡ് സെന്ററില്‍ നിന്ന് വിളിയെത്തിയെന്നും, തന്നെ നിര്‍ബന്ധിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.. പരിശോധനകള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്ന് കൊവിഡ് സെന്ററിലേക്ക് സ്വന്തം ചെലവില്‍ വാഹനം വിളിച്ചാണ് പോയതെന്നും യുവാവ് വ്യക്തമാക്കി.
Discussion about this post