തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിപ്പാ പ്രതിരോധത്തിലെ അനുഭവസമ്പത്ത് കൊവിഡിനെ നേരിടുന്നതിൽ സഹായകരമായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഐക്യരാഷ്ട്രസഭ വെബിനാറിൽ പറഞ്ഞു. നിപ്പായെയും രണ്ട് പ്രളയത്തെയും കേരളം നേരിട്ടു. കരുത്തും ന്യൂനതകളും തിരിച്ചറിയാൻ ഇതേറെ സഹായകരമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രാദേശിക വ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞു. നിപ്പായും പ്രളയവും പഠിപ്പിച്ച പാഠം പൊതുജനാരോഗ്യ വിഷയങ്ങളിൽ ഇടപെടുന്നതിൽ വിട്ടുവീഴ്ച പാടില്ല എന്നതാണ്. കൊവിഡ് രോഗ വ്യാപനം, മരണം എന്നിവ കുറയ്ക്കുന്നതിനാണ് കേരളം ഊന്നൽ നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, കൊവിഡ് മഹാമാരി വളരുകയാണെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം വെബിനാറിൽ പറഞ്ഞു. ജീവൻ ത്യജിച്ചും ആരോഗ്യ പ്രവർത്തകർ മറ്റുള്ളവർക്കായി പോരാടുകയാണ്. നിലനിൽപ്പ് മാത്രമല്ല, ശക്തമായ തിരിച്ചു വരവ് കൂടിയാണ് വേണ്ടത്. ആരോഗ്യമേഖല ശക്തിപ്പെടുത്തണം. ഇതിന് സർക്കാരുകൾ കൂടുതൽ ഊന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികവുറ്റതാക്കിയതിനുള്ള ആദരമെന്ന നിലയിലാണ് ഐക്യരാഷ്ട്രസഭ വെബിനാറിൽ ആരോഗ്യമന്ത്രിയെ ഉൾപ്പെടുത്തിയത്. ലോകാരോഗ്യ സംഘടന തലവനു പുറമേ ന്യൂയോർക്ക് ഗവർണർ, യുഎൻ സെക്രട്ടറി ജനറൽ തുടങ്ങിയവർക്കൊപ്പമാണ് കെകെ ശൈലജ വെബിനാറിൽ പങ്കെടുത്തത്.