തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയില്‍. ജില്ലയില്‍ 197 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് പേര് വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.
ജൂണ്‍ 13 ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലന്‍സിലെ നഴ്സിന്റെ ഭര്‍ത്താവ് തിരുനാവായ വൈരങ്കോട് സ്വദേശി 40 വയസുകാരന്, ജൂണ്‍ 12 ന് രോഗബാധ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് ജീവനക്കാരനുമായി അടുത്ത് ഇടപഴകിയ മലപ്പുറം മൂന്നാംപടി സ്വദേശി 41 വയസുകാരന്, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 45 വയസുകാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര് കൊവിഡ് നിരീക്ഷണത്തിലുള്ളതും ജില്ലയിലാണ്.
വയനാടാണ് ഏറ്റവും കുറവ് രോഗികള്‍ ചികിത്സയിലുള്ളത്. 27 പേര് മാത്രമാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ആളുകള്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് ജില്ലയിലാണ്.
അതെസമയം സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-40, സൗദി അറേബ്യ-14, യു.എ.ഇ.-9, ഖത്തര്‍-6, ഒമാന്‍-5, ബഹറിന്‍-3, കസാക്കിസ്ഥാന്‍-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവത്തകയ്ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന വസന്ത് കുമാര്‍ (68) ഇന്ന് മരണമടഞ്ഞു. ഇതോടെ മരണമടഞ്ഞ 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു ഇടുക്കി), തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 10 പേരുടെയും, എറണാകുളം (ഒരു ആലപ്പുഴ), പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും, തിരുവനന്തപുരം (ഒരു എറണാകുളം, ഒരു മലപ്പുറം), വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,807 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,990 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2206 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post