തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതി ജൂലൈ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യും. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിക്കു പുറമേ നൽകുന്നത്.
സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും. ഓൺലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ 1,311 ടിവികളും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്‌ടോപ്പുകളും 146 കേബിൾ കണക്ഷനും നൽകിയിട്ടുണ്ട്.
സ്‌പോൺസർമാരുടെയും താൽപര്യമുള്ള മറ്റ് വ്യക്തികളുടെയും സഹായത്തോടെയാണ് ഇവ നൽകിയത്. കോവിഡ് പ്രതിരോധത്തിന് പോലീസ്, വോളണ്ടിയർമാർ നൽകുന്ന സംഭാവനകൾ മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രീസിയേഷൻ സർട്ടിഫിക്കറ്റും നൽകും.
Discussion about this post