തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജൂണ്‍ 24 മുതല്‍ ജൂണ്‍ 26 വരെ കേരള-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാവുന്നതാണെന്നും ഈ പ്രദേശങ്ങളിലെ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാല്‍ ഉടനെ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരിക്കേണ്ടതുമാണ് എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post