കോഴിക്കോട്: ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്മുഖം ആണ് മരിച്ചത്.
കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.
തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post