കൊച്ചി: മുഖത്ത് ആഞ്ഞടിച്ചു, പിന്നീട് ഇഷ്ടമല്ലാത്ത എന്തോ ഒന്നിനെയെന്ന പോലെ കുഞ്ഞിനെ വലിച്ചെറിഞ്ഞു. അങ്കമാലിയില്‍ അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായി ആശുപത്രിയില്‍ കഴിയുന്ന തന്റെ പൊന്നോമനയെക്കുറിച്ച് അമ്മ കണ്ണീരടക്കാനാവാതെ പറയുന്നു. കുഞ്ഞ് ജീവനുവേണ്ടി പോരാടി ആശുപത്രിയിലാണ് അമ്മ.
കരഞ്ഞതിന്റെ പേരില്‍ കട്ടിലില്‍ കിടന്ന കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അച്ഛന് അങ്കമാലി ജോസ്പുരം പാലിയേക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) അറസ്റ്റിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
‘അവള്‍ക്ക് രണ്ട്മാസം മാത്രമാണ് പ്രായം. അയാള്‍ പല തവണ കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. വലതു കവിള്‍ത്തടത്തില്‍ ആഞ്ഞടിച്ചു, പിന്നെ ഇഷ്ടമല്ലാത്ത എന്തോ ഒന്നിനെയെന്ന പോലെ കുഞ്ഞിനെ വലിച്ചെറിഞ്ഞു’ പറയാന്‍ വാക്കുകള്‍ കിട്ടാതെ നേപ്പാള്‍കാരിയായ അമ്മ വിതുമ്പുന്നു.
‘അന്ന് രാത്രിയെല്ലാം കുഞ്ഞ് കരച്ചിലായിരുന്നു. എടുത്തുകൊണ്ട് നടന്നും കളിപ്പിച്ചുമെല്ലാം കരച്ചില് മാറ്റാന്‍ ശ്രമിച്ചു. ഇടയ്ക്ക് അര മണിക്കൂറൊന്ന് ഉറങ്ങും. പിന്നെയും എഴുന്നേറ്റ് കരയും. കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുമ്പോള്‍ ഭര്‍ത്താവിന് ദേഷ്യമാണ്. അസുഖമായിട്ടാണ് കരയുന്നതെന്ന് പല തവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല’ – അമ്മയുടെ വാക്കുകള്‍.
കരച്ചില് മാറ്റാമെന്നു പറഞ്ഞാണ് അയാള്‍ കുഞ്ഞിനെ എടുത്തത്. കുഞ്ഞ് കരച്ചില് തുടര്‍ന്നതോടെ ശബ്ദമുയര്‍ത്തി ശകാരം തുടങ്ങി. കവിളില്‍ അടിച്ചു. പിന്നെ നിന്ന സ്ഥലത്തുനിന്ന് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് വലിയ ശബ്ദത്തില്‍ ഒന്ന് കരഞ്ഞു. പിന്നെ നിശ്ശബ്ദമായി.
ഓടിയെത്തി നോക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ തന്നെ കഷ്ടപ്പെടുന്നതായി തോന്നി. ആംബുലന്‍സ് വിളിക്കാനായി കരഞ്ഞപേക്ഷിച്ചു. അല്പസമയം എല്ലാം നോക്കിനിന്നിട്ടാണ് അയാള്‍ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങിയതെന്ന് കുഞ്ഞിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ നിന്തരമായി ഉപദ്രവിക്കുന്നതിന് പുറമെ അമ്മയെയും ഷൈജു മര്‍ദ്ദിക്കാറുണ്ടായിരുന്നു. പുറംലോകം കാണാതെ ഭര്‍ത്താവിനെ ഭയന്ന് മര്‍ദനങ്ങള്‍ സഹിച്ചായിരുന്നു ജീവിതമെന്ന് അവര്‍ പറയുന്നു. പലവട്ടം കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. അച്ചടക്കം പഠിപ്പിക്കാനെന്നാണ് കാരണം പറയുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കുഞ്ഞ് അഹങ്കാരിയും തന്നിഷ്ടക്കാരിയുമാകുമെന്ന് പറയുമെന്നും അമ്മ പറയുന്നു.
സംശയമായിരുന്നു പ്രധാന പ്രശ്നം. എന്റെ കുഞ്ഞല്ലെന്ന് എപ്പോഴും പറയും. പെണ്‍കുഞ്ഞായതിന്റെ ദേഷ്യവുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഫെയ്സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെട്ടത്. നേപ്പാളിലായിരുന്നു കല്യാണമെന്നും സംശയം കാരണം പുറത്തൊരിടത്തും ഒറ്റയ്ക്ക് അയയ്ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post