ചേര്‍ത്തല: സന്നദ്ധ പ്രവര്‍ത്തകരില്ലാത്തതിനാല്‍ ക്വാറന്റീന് കേന്ദ്രത്തില്‍ സേവനത്തിനിറങ്ങി പഞ്ചായത്ത് മെമ്പര്‍. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് സിപിഎം രണ്ടാം വാര്‍ഡംഗം എംഎസ് സുമേഷാണ് കോവിഡ് ഭീതിക്കിടയിലും സേവനത്തിനിറങ്ങി
ജനപ്രതിനിധികളിലെ വ്യത്യസ്തനായത്.
അന്ധകാരനഴി തീരത്തെ റിസോര്‍ട്ടാണ് ഗ്രാമപ്പഞ്ചായത്ത് ക്വാറന്റീന് കേന്ദ്രമാക്കിയത്.
21 ദിവസവും കേന്ദ്രത്തില്‍ വേണ്ട സേവനങ്ങളെല്ലാം ചെയ്താണ് മെമ്പര്‍ കേന്ദ്രം വിട്ടത്. അവശ്യഘട്ടത്തില്‍ പിപിഇ കിറ്റ് അണിഞ്ഞായിരുന്നു മെമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍.
മൂന്ന് ഘട്ടത്തിലായി വിദേശത്തുനിന്നും കര്‍ണാടകയില്‍ നിന്നുമുള്ള അഞ്ചുപേരാണ് ആദ്യഘട്ടത്തിലെത്തിയത്. മൂന്നുദിവസങ്ങളിലായി ഇവര്‍ വന്നതിനാലാണ് ഏറ്റെടുത്ത സേവനം 21 ദിവസംവരെ നീണ്ടത്. നാലുനേരം ഭക്ഷണവും മരുന്നും വേണ്ട ക്രമീകരണങ്ങളും ഒറ്റയ്ക്ക് തന്നെയാണ് ചെയ്തത്.
ഗ്രാമപ്പഞ്ചായത്തംഗം കെ.ആര്.പ്രമോദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എംപി മനോജ്, ഉദ്യോഗസ്ഥനായ എംഎസ് സന്തോഷ്കുമാര്‍ എന്നിവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് സേവനം ഏറ്റെടുക്കാനായതെന്ന് സുമേഷ് പറഞ്ഞു.
വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. സേവനദിവസങ്ങളില് വീടുമായുള്ള ബന്ധവും ഉപേക്ഷിച്ചു.
നമ്മുടെ സഹോദരന്മാരാണ് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നത്. അവരെ നമ്മളല്ലാതെ ആരാണ് സഹായിക്കേണ്ടത്.’ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗത്തെ അകറ്റിനിര്‍ത്താമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തെളിയിച്ചത് ആത്മവിശ്വാസമായി. തന്റെ പ്രവര്‍ത്തനത്തിലൂടെ സന്നദ്ധപ്രവര്‍ത്തകരെ ആകര്‍ഷിക്കാനാകുമെന്നും സുമേഷ് പറയുന്നു.
ആവശ്യം വന്നാല്‍ ഇനിയും കേന്ദ്രത്തിലെ സേവനം ഏറ്റെടുക്കുമെന്നും സുമേഷ് പറഞ്ഞു. കോവിഡിന്റെ ആദ്യഘട്ടം മുതല്‍ ഗ്രാമപ്പഞ്ചായത്തില്‍ സജീവമായിരുന്നു സുമേഷ്. നിസ്വാര്‍ഥ സേവനത്തിന് വലിയ അഭിനന്ദനങ്ങളാണ് കിട്ടിയിരിക്കുന്നത്.
Discussion about this post