കൊച്ചി: തലയ്ക്കുള്ളില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസമാണ് അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനമേറ്റ 54 ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു കുട്ടി. എന്നാല്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയും വന്നതോടെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
കോലഞ്ചേരിയിലെ ആശുപത്രിയിലാണ് മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ കുഞ്ഞിനെ എത്തിച്ചത്. പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസാണ് (40) തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യംകൊണ്ടുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഷൈജുവിന്റെ ഭാര്യ നേപ്പാള്‍ സ്വദേശിനിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്ത് താമസം തുടങ്ങിയത്.
Discussion about this post