അടിമാലി: ഇടുക്കിയിലെ അടിമാലി പഞ്ചായത്തിലെ ആദിവാസിക്കോളനിയിൽ വീണ്ടും ആത്മഹത്യ. ശനിയാഴ്ച പുലർച്ചയോടെ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊരക്കാട്ടി ആദിവാസി കോളനിയിലെ കണ്ടത്തിൻകരയിൽ അനിൽകുമാറിനെ(27)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
അനിൽകുമാറിന്റെ അച്ഛൻ ശശി 34 ദിവസംമുൻപ് വിഷംകഴിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽകുമാറും ആത്മഹത്യ ചെയ്തിരിക്കുന്നത്. അടിമാലി പഞ്ചായത്തിലെ ആദിവാസിക്കോളനികളിൽ രണ്ടുമാസത്തിനിടെ ആറാമത്തെ ആത്മഹത്യയാണിത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അടിമാലി പഞ്ചായത്തിലെ തട്ടേകണ്ണൻകുടിയിൽ വീട്ടമ്മ ആത്മഹത്യചെയ്തിരുന്നു. വാളറ കുളമാങ്കുഴി ആദിവാസിക്കോളനിയിലെ രണ്ട് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിക്കുകയും ഒരു പെൺകുട്ടി മരിക്കുകയുംചെയ്ത സംഭവവും കഴിഞ്ഞയാഴ്ചയായിരുന്നു. അനിൽകുമാറിന്റെ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post