അഞ്ചൽ: അഞ്ചൽ സ്വദേശിനി ഉത്രയെ കിടപ്പുമുറിയിൽ വച്ച് പാമ്പിനെകൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജ്. പ്ലാസ്റ്റിക് ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ കുടഞ്ഞിട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാർ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് സൂരജ് നിർണായക മൊഴി നൽകി.
കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തച്ചത്. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. മാർച്ച് 2ന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു.
സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നൽകിയത്.