തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട്മാപ്പ് സങ്കീര്‍ണമെന്ന് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി സഞ്ചരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കരമന, ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാല്‍ക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂര്‍, തമ്പാനൂര്‍, പേരൂര്‍ക്കട, അമ്പലമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ തുടങ്ങുന്ന ദിവസം വരെ ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. KL-01 BJ 4836 ആണ് ഓട്ടോ റിക്ഷയുടെ നമ്പര്‍. അതേസമയം ഇയാളുടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല.
അതേസമയം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ ഇയാള്‍ രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കരമനയിലും പൂജപ്പുരയിലും ചിത്രീകരണം നടന്ന സീരിയലുകളിലാണ് ഇയാള്‍ പങ്കെടുത്തത്. ജൂണ്‍ പതിനേഴിനാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടികള്‍ അടക്കം നിരവധി പേരാണ് ഈ കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതേസമയം ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഇയാള്‍ നഗരത്തിലെ പല ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും പോയിട്ടുണ്ട്. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളൊക്കെ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുകയാണ്.