നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച നടിയാണ് മോളി കണ്ണമാലി. അഭിനയത്തിലെ വ്യത്യസ്തതകൊണ്ട് വളരെ പെട്ടെന്നാണ് മോളി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ സ്വയം ചിരിച്ച് സന്തോഷിക്കാന്‍ മോളിക്ക് കഴിഞ്ഞിട്ടില്ല.
രോഗാവസ്ഥയും അതുണ്ടാക്കി വെച്ച സാമ്പത്തിക ബാധ്യതകളുമാണ് മോളിയെ ഇന്ന് തളര്‍ത്തുന്നത്. ഇടയ്‌ക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ല. സിനിമകളില്‍ അഭിനയിച്ചാല്‍ ഇപ്പോഴും കിട്ടുന്നത് 10000 രൂപയാണ്. മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പണം പോലും കിട്ടാറില്ലെന്ന് മോളി പറയുന്നു.
ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോളി തന്റെ ദുരിത ജീവിതം തുറന്നുപറഞ്ഞത്. അസുഖം കാരണം കൈയ്യില്‍ പൈസയില്ലാത്ത അവസ്ഥയാണ്. മരുന്ന് വാങ്ങാന്‍ പോലും നിവൃത്തിയില്ല. മക്കള്‍ക്കും ജോലിയില്ലെന്നും അവരും കുടുംബം പുലര്‍ത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും മോളി പറയുന്നു.
തനിക്ക് ഒട്ടും വയ്യാഞ്ഞിട്ടും അസുഖവിവരം മക്കളെ അറിയിച്ചിട്ടില്ല. ആകെയുണ്ടായിരുന്ന വീടും ഇപ്പോള്‍ കൈയ്യിലില്ലെന്നും ആശുപത്രി ചെലവിനായി വീടിന്റെ ആധാരം പണയത്തിലാണെന്നും മോളി തുറന്നുപറഞ്ഞു. താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍ തനിക്ക് അതില്‍ അംഗത്വമില്ലെന്നും പണം തന്നെയാണ് അവിടെയും പ്രശ്‌നമായി വന്നതെന്നും മോളി കൂട്ടിച്ചേര്‍ത്തു.
അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം രൂപ കൊടുക്കണം. പണമില്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയില്ലെന്നും സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ലെന്നും മോളി വ്യക്തമാക്കി. അമ്മയിലെ മെമ്പര്‍ഷിപ്പിനെ കുറിച്ച് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞെങ്കിലും മിനിമം അഞ്ച് സിനിമയെങ്കിലും ചെയതാലെ അംഗത്വം കിട്ടുകയുള്ളൂ എന്നായിരുന്നു മറുപടി.
എന്നാല്‍ അഞ്ചില്‍കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടും അംഗത്വത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നല്‍കണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കില്‍ മക്കള്‍ക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നുവെന്നും മോളി പറഞ്ഞു.
അമ്മയില്‍ അംഗത്വമുണ്ടായിരുന്നെങ്കില്‍ മരുന്നിന്റെ ചെലവെങ്കിലും നടന്നുപോകും. ഉള്ളില്‍ സങ്കടക്കടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് താന്‍ പഠിച്ചിരിക്കുന്നതെന്നും അവര്‍ മതിമറന്ന് ചിരിക്കുമ്പോള്‍ താന്‍ മറ്റൊരുവശത്തേക്ക് പോയി പൊട്ടിക്കരയുമെന്നും എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കുമെന്നും മോളി കൂട്ടിച്ചേര്‍ത്തു.