വടക്കഞ്ചേരി: മനുഷ്യന്റെ ആകാരവടിവിലും സൗന്ദര്യത്തിലും അല്ല നല്ല മനസ്സിലാണ് കാര്യം എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ നവ ദമ്പതികള്‍. അങ്ങനെ മൂന്നടി പൊക്കക്കാരിയായ ജാനുവിന്റെ കഴുത്തില്‍ അഞ്ചടി പൊക്കക്കാരനായ വത്സന് താലി ചാര്‍ത്തി.
ശനിയാഴ്ച്ച പിഎന്‍സി മേനോന് ചെയര്‍മാനായ ശ്രീ കുറുമ്പ ട്രസ്റ്റ് മൂലങ്കോട് നടത്തിയ സമൂഹ വിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തന്‍കുളമ്പ് പരേതനായ വേലുവിന്റെ മകള്‍ ജാനുവിന്റെ പ്രിയതമനായി എരിമയൂര്‍ പരേതനായ വേലായുധന്റെ മകന് വത്സന് കൈപിടിച്ചത്. ശോഭാ ലിമിറ്റഡ് ചെയര്മാന് എമിററ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പിഎന്‍സി മേനോന്റെ പത്നി ശോഭ മേനോന് ജാനുവിനെയും വത്സനെയും അനുഗ്രഹിച്ചു. ഇരുപതു യുവതികളുടെ വിവാഹമാണ് നടന്നത്.
ജാനുവിന്റെ അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു മംഗള കര്‍മ്മം. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്സനും ജാനുവും തമ്മില്‍ ഏറെനാളത്തെ സ്നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് എത്തുന്നത്.
ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്. 2003 മുതലാണ് ട്രസ്റ്റ് ഈ പുണ്യ കര്മ്മത്തിന് സാക്ഷ്യം വഹിക്കുന്നത്.
Discussion about this post