തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തില്‍ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് തന്നെയാണ് നാനാഭാഗങ്ങളില്‍ നിന്നും ഉയരുന്ന ആവശ്യം.
മുല്ലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് റഹീം മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്. ആക്രി പെറുക്കാന്‍ മുല്ലപ്പള്ളിയെ ഡിവൈഎഫ്ഐ ക്ഷണിക്കുകയാണെന്ന് എ എ റഹീം പറഞ്ഞു.
ഈ സമയത്ത് നാടിന് നല്ലത് ചെയ്യാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശ്രമിക്കേണ്ടത്. പാഴ് വാക്കുകള്‍ പറയുന്ന നേരം പാഴ് വസ്തുക്കള്‍ ശേഖരിച്ച് നാടിന് നല്ലത് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളും മുല്ലപ്പള്ളിയും മുന്നിട്ടിറങ്ങണമെന്ന് റഹീം കൂട്ടിച്ചേര്‍ത്തു.
ഡിവൈഎഫ്ഐ സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന്റെ ഒപ്പമാണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണം മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്നും സജീഷിനെ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നുവെന്നും റഹീം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയുടെ ഫലമാണ് സജീഷ് ഇപ്പോള്‍ നേരിടുന്നത്. സിസ്റ്റര്‍ ലിനി കേരളത്തിന്റെ മനസില്‍ നിന്ന് മാഞ്ഞ് പോകാത്ത മുഖമാണ്. ആരോഗ്യപ്രവര്‍ത്തകരെ ലോകം ആദരിക്കുമ്പോള്‍ മുല്ലപ്പള്ളിയും കോണ്‍ഗ്രസും അവരെ ആക്രമിക്കുകയാണെന്നും ഇത് എഐസിസിയുടെ നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
Discussion about this post