തൃശ്ശൂര്‍: അന്തരിച്ച പഴയകാല നടി ഉഷാ റാണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആര്‍ക്ക് വേണ്ടിയും മറ്റുള്ളവരുടെ മുമ്പില്‍ പോയി അപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത നല്ല മനസ്സിന്റെ ഉടമയായിരുന്നു ഉഷ ചേച്ചി എന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്തരത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ പോയതിന്റെ പേരില്‍ അവര്‍ നിരവധി ആരോപണങ്ങളും പരിഹാസവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടി ഉഷാ റാണിയുടെ അന്ത്യം. 62 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. കന്മദം, അഹം, ഏകല്യവന്, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന് എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്കാര ചടങ്ങുകള്‍ ചെന്നൈയില്‍ വെച്ച് നടക്കും
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
100 ലധികം സിനിമകളില്‍ അഭിനയിച്ച ഒരു അഭിനേത്രിയാണ് ഉഷാറാണി.സംവിധായകന് ശങ്കരന്‍നായര്‍ സാറിന്റെ പത്നി: ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമൊന്നുമില്ല. പക്ഷെ ഇടക്കിടെ എന്നെ വിളിക്കും ചെന്നൈയില്‍ നിന്ന്. മറ്റുള്ളവരെ സഹായിക്കാനാവും വിളിക്കുന്നത്. ആര്‍ക്ക് വേണ്ടിയും മറ്റുള്ളവരുടെ മുമ്പില്‍ പോയി അപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത നല്ല മനസ്സിന്റെ ഉടമയായ ഉഷ ചേച്ചി അതിന്റെ പേരില്‍ നിരവധി ആരോപണങ്ങളും പരിഹാസവും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാലും ചേച്ചി സഹായിക്കും. ഒടുവില്‍ കണ്ടത് ഒരു കല്യാണത്തിനാണ്. എന്നെ കണ്ടപ്പോള്‍ പിണങ്ങി. എന്റെ മകന്റെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞ്. ഒരു സോറിയില്‍ സമാധാനിപ്പിക്കാനും സാധിച്ചു. ഉഷ ചേച്ചി പോയി.
Discussion about this post