കണ്ണൂർ: ലോക്ക്ഡൗൺ നീണ്ടതോടെ വിശപ്പ് സഹിക്കാനാകാതെ ഭക്ഷണത്തിനായി പണം മോഷ്ടിച്ച അതിഥി തൊഴിലാളി യുവാവിന് ഒടുവിൽ മോചനം. 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ടുകാരനാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജാമ്യം എടുക്കാൻ പോലും ആളില്ലാതിരുന്ന അജയ് ബാബുവിന് ജയിൽ വകുപ്പ് തന്നെയാണ് തുണയായത്.
പുറത്തിറങ്ങുന്ന ദിവസം അജയ് ബാബുവിനെ കാത്തിരുന്നതും പോലീസുകാരാണ്. പുതിയ കുപ്പായവും പാന്റും ജയിൽ സൂപ്രണ്ട് ജനാർദ്ദനൻ വാങ്ങി നൽകി. ഒരു അഞ്ഞൂറിന്റെ നോട്ടും കൈയ്യിൽ വച്ചുകൊടുത്തു ജയിൽ സൂപ്രണ്ട്. ലോക്ക്ഡൗണിന് മുമ്പായി നാല് മാസം മുമ്പാണ് ഹോട്ടൽ ജോലിക്കായി ഉത്തർപ്രദേശിൽ നിന്ന് കൂട്ടുകാരുമൊത്ത് കാസർകോട്ടേക്ക് അജയ് ബാബു എത്തിയത്.
ലോക്ക്ഡൗണിൽ ജോലി പോയി, പട്ടിണിയിലായതോടെ വിശന്നപ്പോൾ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് അജയ് ബാബു അറുനൂറ് രൂപ മോഷ്ടിച്ചത്. കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. പോലീസ് പിടിച്ച് ജയിലിൽ കൊണ്ടിട്ടപ്പോൾ അജയ് ബാബുവിന് അമ്മയെ ഓർമ്മവന്നു. അമ്മയെ കാണാൻ ജയിൽ ചാടാൻ ശ്രമിക്കുകയും പിടിയിലാവുകയും ചെയ്തു.
ഇതോടെ ജയിൽ ഉദ്യോഗസ്ഥർ ഹമർപൂർ പോലീസിനെ വിളിച്ച് അജയ് ബാബുവിന്റെ കുടുംബക്കാരെ കണ്ടെത്തി. ജാമ്യത്തുക 25000 തരപ്പെടുത്തി. ഇത് കെട്ടിവച്ച അജയ് ബാബുവിനെ പുറത്തിറക്കുകയായിരുന്നു. കൊവിഡ് ആശങ്കയിൽ നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾക്കൊപ്പം പതിനെട്ടുകാരൻ മടങ്ങി.
Discussion about this post