തൃശ്ശൂര്‍: ദേശീയപാതയില്‍ രൂപപ്പെട്ട ഗര്‍ത്തം പരിഭ്രാന്തിക്കിടയാക്കി. തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനു സമീപത്തായാണ് ദേശീയ പാതയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഗര്‍ത്തം രൂപം കൊണ്ടത്. 3 അടിയോളം വ്യാസമുളള ഗര്‍ത്തത്തിന് 10 അടിയോളം താഴ്ചയുണ്ട്.
ടാറിങ്ങിന് താഴെ ഗര്‍ത്തത്തിന്റെ വ്യാസം 2 മീറ്ററിലേറെയുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം. റോഡിലൂടെ പോയ വാഹനങ്ങള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഏതാനും മാസം മുന്പ് എതിര്‍വശത്തെ ട്രാക്കിലും ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി തുരങ്കം തീര്‍ത്തിരുന്നു. ഇതിലെ അപാകമാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.