വാട്‌സാപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവം, ഗ്രൂപ്പിലേക്ക് അംഗങ്ങളെത്തിയത് ഗേ ഡേറ്റിങ് സൈറ്റില്‍ നിന്ന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ഗ്രൂപ്പിലേക്ക് അംഗങ്ങളെത്തിയത് ഗേ ഡേറ്റിങ് സൈറ്റില്‍നിന്നുണ്ടായ സൗഹൃദത്തില്‍നിന്നാണെന്ന് പോലീസ് കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റുചെയ്ത ഗ്രൂപ്പ് അഡ്മിനില്‍നിന്നാണ് ഈ വിവരം ലഭിച്ചത്.

പ്രതികള്‍ ഗേ ഡേറ്റിങ് സൈറ്റായ പ്ലാറ്റ്‌ഫോമിലാണ് ആദ്യം സൗഹൃദം തുടങ്ങുന്നത്. ഈ സൈറ്റുകളില്‍ സൗഹൃദത്തിനെത്തുന്നവരില്‍നിന്ന് വിചിത്രമായ ലൈംഗിക താത്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തും. ശേഷം ഇവരുടെ താത്പര്യം ഉറപ്പിക്കാന്‍ വ്യക്തിപരമായി അശ്ലീലവീഡിയോകള്‍ അയച്ചുനല്കും. പിന്നീട് ഇവരെ ചേര്‍ത്ത് ഗ്രൂപ്പുകള്‍ രൂപപ്പെടുത്തും.

അശ്ലീലവീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമായ തൃശ്ശൂര്‍ കൂട്ടുപാത സ്വദേശി എന്‍കെ. സുരേഷ് ഗ്രൂപ്പില്‍ കണ്ടുമുട്ടിയ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി പി.ബി. മാനുവലുമായി സൗഹൃദത്തിലായി. മാനുവലിനെക്കൊണ്ട് ഫ്രണ്ട്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലേക്ക് പിന്നീട് ഇതേ സൈറ്റില്‍ നിന്ന് മലയാളികളെ കണ്ടെത്തി അംഗങ്ങളായി ചേര്‍ത്തു. സുരേഷും, മാനുവലും നിലവില്‍ റിമാന്‍ഡിലാണ്.

ഈ ഗ്രൂപ്പില്‍ നിരവധി പേരാണ് അംഗങ്ങളായുള്ളതെന്നും ഇവരെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും പോലീസ് കണ്ടെത്തി. ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന 13 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എറണാകുളം എ.സി.പി. കെ. ലാല്‍ജി പറഞ്ഞു.

Exit mobile version