കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. കൂടാതെ, കുട്ടിയുടെ അച്ഛനും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.
ഉറവിടം കണ്ടെത്താത്ത കൊവിഡ് രോഗികളില്‍ ഒരാളാണ് പതിനാലുകാരന്. വ്യാപാരിയായ അച്ഛനില്‍ നിന്നാകാം കുട്ടിക്ക് രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചത്. കുട്ടിക്ക് കൊവിഡ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമാകാത്തതിനാല്‍ കണ്ണൂര്‍ നഗരം അടച്ചിരുന്നു.
അതേസമയം, കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവസത്തിനകം മരിച്ച എക്സൈസ് ഡ്രൈവര്‍ക്ക് നല്കിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്തെത്തി. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തുവിട്ടു.
എന്നാല്‍ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവര്‍ സുനിലിനെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പേള്‍ തന്നെ കടുത്ത ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു.
അതേസമയം, സുനിലിനും കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Discussion about this post