തൊടുപുഴ: മണ്ഡലകാല ആരംഭത്തോടെ ശബരിമലയില്‍ തീര്‍ത്ഥാടന പുണ്യത്തിനു പിന്നാലെ വിവാദങ്ങളും ശക്തമായി ഉയരുകയാണ്. ഏവരുടെയും ഇരയാകുന്നത് ഇപ്പോള്‍ പോലീസ് എന്ന് തീര്‍ത്തും പറയേണ്ടതായി വരും. എന്തെന്നാല്‍ നിരോധനാജ്ഞയും പ്രതിഷേധം കണക്കാക്കി മാത്രം വരുന്ന കപട ഭക്തരുടെ അറസ്റ്റുമാണ് പോലീസ് സേനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ഇതിന്റെ ഇടയില്‍ മങ്ങിപോകുന്ന ചിലതുണ്ട്. അത് മറ്റാരും അറിയാതെ ഒളിഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ പോലീസ് സേനയുടെ നല്ല മനസാണ് പുറത്ത് വരുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്കു ചുക്കുകാപ്പി നല്‍കുകയാണ് പോലീസ്. കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷന്, തൊടുപുഴ ജനമൈത്രി പോലീസ് എന്നിവരുടെ ആഭിമുഖ്യത്തിലാണു അയ്യപ്പ ഭക്തര്‍ക്കു സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചത്. തൊടുപുഴ മാരിയില്‍ കലുങ്കിനു സമീപം പാതയോരത്താണു ചുക്കുകാപ്പി വിതരണം. ഒട്ടേറെ തീര്‍ഥാടക വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ ചുക്കു കാപ്പി വിതരണവുമായി പോലീസുണ്ടാകും.
ശബരിമല സീസണ് കഴിയുന്നതുവരെ ഇതു തുടരാനാണു പോലീസിന്റെ തീരുമാനം. രാത്രിയില്‍ വാഹനമോടിക്കുന്നതിനിടെ, ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാനുള്ള സാഹചര്യം ഒഴിവാക്കി അപകടങ്ങള്‍ കുറയ്ക്കുക, ഏറെദൂരം യാത്ര ചെയ്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ ക്ഷീണമകറ്റുക തുടങ്ങിയ ലക്ഷ്യത്തോടെയാണു ചുക്കുകാപ്പി വിതരണം. കടുത്ത തണുപ്പിലും പാതി ഉറക്കത്തിലും എത്തുന്ന അയ്യപ്പന്മാര്ക്കു വലിയ ആശ്വാസം കൂടിയാകും ഇത്.
Discussion about this post