തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരേയും സിസ്റ്റർ ലിനിയുടെ ഭർത്താവിന് എതിരേയും നടത്തിയ പരാമർശത്തെയും കോൺഗ്രസ് സമരത്തേയും അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കിൽ അത് ഒരു രീതിയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ വിമർശിച്ച മുഖ്യമന്ത്രി സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ ഇനി പറയാനുണ്ടെന്നുപറഞ്ഞാണ് മാർച്ചുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കടന്നത്.
സാധാരണ ഇതേവരെയുള്ള വാർത്താസമ്മേളനങ്ങളിൽ കക്ഷിരാഷ്ട്രീയമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാറില്ല. ഇന്ന് കണ്ട ഒരു വാർത്ത നമ്മുടെ നിപ്പാ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയെന്നാണ്. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റർ ലിനി.
നിപ്പാക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവൻ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിർബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം. നമ്മുടെ സഹോദരങ്ങൾ കൂട്ടത്തോടെ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെന്ന മാരകരോഗത്തെ ചെറുത്തുതോല്പിച്ചതിന്റെ അനുഭവം ഓർക്കുമ്പോൾ കൺമുന്നിൽ തെളിയുന്ന ആദ്യമുഖം ലിനിയുടെതാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നിപ്പായെ ചെറുക്കാനും കൂടുതൽ മരണങ്ങൾ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തിൽ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ്പാ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തിൽ നിന്നാകും.ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റർ ലിനി കേരളത്തിന്റെ സ്വത്താണ് ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭർത്താവ് സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവർക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post