തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പറഞ്ഞതിൽ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നിപ്പാ പ്രതിരോധത്തിൽ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. നിപ്പാ പ്രതിരോധ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് നഴ്‌സുമാരും ഡോക്ടർമാരുമാണ്. അവർക്കാണ് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത്. എംപിയെന്ന നിലയിൽ വടകര മണ്ഡലവുമായി ബന്ധപ്പെട്ട എന്റെ പ്രവർത്തനത്തിൽ സിപിഎമ്മുകാർക്ക് പോലും പരാതിയില്ല.
നിപ്പാ രോഗം പിടിപ്പിട്ടപ്പോൾ മണ്ഡലത്തിൽ താൻ സജീവമായിരുന്നു എന്നും മുല്ലപ്പള്ളി ആവകാശപ്പെട്ടു. അക്കാലത്ത് ഞാൻ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും യോഗത്തിൽ പങ്കെടുത്തിരുന്നു. തന്നെ കുറിച്ച് ലിനിയുടെ ഭർത്താവ് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭർത്താവ് സജീഷിനെ പ്രാദേശിക നേതാവിന്റെ ഫോണിൽനിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവർത്തകൻ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോൾ മാറ്റിപറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇതുകൂടാതെ ലിനിക്ക് മരണാനന്തര ബഹുമതി നൽകണമെന്ന താനടക്കമുള്ള എംപിമാർ കത്തെഴുതിയിട്ടുണ്ട്. നിപ്പായുടെ കാലത്തുടനീളം താൻ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നു. സാധാരണ കളക്ടർമാർ വിളിച്ച യോഗത്തിൽ പോകാറില്ല. അതെന്റെ നിലപാടിന്റെ ഭാഗമാണെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.
Discussion about this post