തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിൽ തിരുവനന്തപുരം നഗരത്തെ ചെന്നൈ, ഡൽഹി നഗരങ്ങളെപ്പോലെയാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം ഇപ്പോൾ സുരക്ഷിത നഗരമാണെന്നും സർക്കാരിന്റെ കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങളെ ചിലർ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
തലസ്ഥാനത്തെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ കൊവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും മന്ത്രി തിരുവനന്തപുരത്ത് കൊവിഡ് അവലോകന യോഗത്തിന് ശേഷം പറഞ്ഞു. തലസ്ഥാനത്തെ സമര പരിപാടികൾ ആശങ്കയുണ്ടാക്കുന്നതായും രോഗവ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് ആശങ്കയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിൽ നഗരത്തിലെ ചന്തകളിലും കർശന നടപടി സ്വീകരിക്കും. കല്യാണത്തിനും മരണാനന്തര ചടങ്ങുകളിലും അനുവദനീയമായ ആളുകളിൽ അധികം പങ്കെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. നഗരത്തിലേക്കുള്ള ചില വഴികൾ അടച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.