കോഴിക്കോട്: നിപ്പാ കാലത്തെ ഭരണപക്ഷ-പ്രതിപക്ഷ പ്രവർത്തനങ്ങളെ ചൊല്ലി വീണ്ടും തർക്കങ്ങൾ ഉടലെടുത്തതിനിടെ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന് മറുപടിയുമായി കോൺഗ്രസ് നേതാവ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിപ്പാ കാലത്ത് ഗസ്റ്റ് റോളിൽ പോലും ആശ്വാസവുമായി എത്തിയില്ലെന്ന സജീഷിന്റെ വിമർശനത്തിനാണ് കോൺഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് മറുപടി നൽകിയിരിക്കുന്നത്. ‘എന്റെ ഫോണിൽ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സജീഷിനെ വിളിച്ചത്. ഞാനാണ് ഫോൺ മുല്ലപ്പള്ളിക്ക് കൈമാറിയത്.’ അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ താൻ കുറ്റപ്പെടുത്തുന്നില്ലെന്നും ജിതേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജിതേഷ് മുതുകാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ലിനി സിസ്റ്റർ ലോകത്തിന്റെ നെറുകയിലാണ്… പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്….
വീണ്ടും വീണ്ടും ആവർത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടർമാരും നെഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും തന്നെയാണ്. അതിൽ ഒരു രാഷ്ട്രീപാർട്ടിക്കും നേതാക്കന്മാർക്കും ക്രഡിറ്റെടുക്കാനുള്ള അർഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയിൽ ചുളുവിൽ നേടാൻ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്.
ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ മരണം ഒരർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ CPM. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ… പേരാമ്പ്രയടക്കമുള്ള സർക്കാർ ഹോസ്പ്പിറ്റലുകളിൽ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകൾക്ക് സ്വയം PPEകിറ്റ് വാങ്ങാനുള്ള അനുമതി നൽകുന്നത്.ഹോസ്പ്പിറ്റലുകളിൽ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷൻ വെള്ളം ചേർത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളിൽ ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുട്ടോ… സ്ഥലം MLA ഉം മന്ത്രിയുമായ ടി പി ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുണ്ടോ…. ഈ പ്രദേശത്ത് ഉണ്ടായിട്ടുപോലും ആ വീട് സന്ദർശിക്കാതെ പോയതിനെ കുറിച്ച് ഞാൻ ഒരു fb പോസ്റ്റ് ചെയ്തിരുന്നു. https://m.facebook.com/story.php?story_fbid=1877678032263922&id=100000652309403
അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും. പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം MP മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേർക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് Date ഉം സമയവും എല്ലാം ശ്രദ്ധിക്കാം https://m.facebook.com/story.php?story_fbid=1877769992254726&id=100000652309403
പിന്നീട് പറഞ്ഞത് ഒരു ഫോൺ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എന്റെ മുഖത്തുനോക്കി പറയാൻ കഴിയുമോ… അന്നത്തെ mp മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കിൽ ആർക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്. മരണ ശേഷവും ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് തരംതാണ CPM നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്.