അങ്കമാലി: പൊതുവെ കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കാനായി ഉപയോഗിക്കുന്ന പരസ്യവാക്യമാണ് ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നത്. ഏത് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും ഈ പരസ്യ വാക്യം അനുയോജ്യമാണെങ്കിലും ബാർബർ ഷോപ്പിലും ഈ പരസ്യവാചകം കടന്നുകൂടിയത് ഏറെ കൗതുകം ഉണ്ടാക്കിയിരിക്കുകയാണ്.
ഒരു കട്ടിങ്ങിന് ഒരു ഷേവിങ് ഫ്രീ എന്ന പരസ്യവാചകം അങ്കമാലിയിലെ ഒരു മുടിവെട്ട് കടയുടെ മുന്നിലാണ് എഴുതിവെച്ചിട്ടുള്ളത്. സംഭവം കൗതുകമുയർത്തുമെങ്കിലും ഇതത്ര തമാശയല്ല. ഇത് വയറ്റിപെഴപ്പിന്റെ പരസ്യവാചകമാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ മുടിവെട്ടാനായി ബാർബർ ഷോപ്പിലേക്ക് കാര്യമായി വരുന്നില്ല. ഇതുമൂലം മുടിവെട്ട് കടക്കാർ ദുരിതത്തിലാണ്. ഇതോടെയാണ് ആളുകളെ ആകർഷിക്കാനായി കട്ടിങ്ങിന് ഷേവിങ് ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫർ ജൂലായ് 2ന് അവസാനിക്കും.
Discussion about this post