പുൽപ്പള്ളി: വർഷങ്ങളായി കുടുംബം ഷെഡ് കെട്ടി താമസിക്കുന്നത് സഹിക്കാനാകാതെ ഭവന നിർമ്മാണ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വയനാട് പുൽപ്പള്ളി മുള്ളൻ കൊല്ലിയിലാണ് കഴിഞ്ഞ നാലുവർഷമായി ഭവന നിർമ്മാണ സഹായത്തിനായി അലഞ്ഞിട്ടും പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് ഗൃഹനാഥൻ ജീവനൊടുക്കിയത്. വീടു ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമത്തിലാണ് പാറക്കടവ് വിജയകുമാർ താമസിക്കുന്ന ഷെഡിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം പ്രതികരിച്ചു.
വിജയകുമാറിന്റെ കുടുംബം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ക്രമക്കേടുകൾ കാരണം കാലതാമസം വന്നെന്നാണ് ആരോപണം. പൊളിഞ്ഞ ഷെഡിലാണ് മൂന്നു കുട്ടികളടങ്ങിയ കുടുംബം ദുരിതജീവിതം നയിക്കുന്നത്. മുമ്പ് പുൽപ്പള്ളി പാറക്കടവിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലായിരുന്നു വിജയകുമാറും കുടുംബവും കഴിഞ്ഞിരുന്നത്. 2016 ൽ രണ്ടുലക്ഷം രൂപ സഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും കാലതാമസം വന്നു. തുടർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടാനായി കുടുംബം കാത്തിരുന്നു.
എന്നാൽ, ഈ പദ്ധതിയിൽ ഓടുമേഞ്ഞ വീടുള്ളവരെ ഉൾപ്പെടുത്തില്ലെന്നും ഷെഡ് കെട്ടി താമസിക്കണമെന്നും പദ്ധതി നിർവഹണ ഉദ്യോഗസ്ഥനും മെമ്പറും അറിയിച്ചെന്ന് കുടുംബം പറയുന്നു. ഇതേത്തുടർന്ന് മൂന്ന് വർഷം മുമ്പ് കാലപ്പഴക്കം ചെന്ന വീട് പൊളിച്ചുമാറ്റി ചെറിയ ഷെഡിലേക്ക് താമസം മാറി. ലൈഫ് പദ്ധതയിൽ വീട് ലഭിച്ചില്ലെങ്കിലും പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടു. പട്ടികയിൽ മുന്നിലുണ്ടായിരുന്ന കുടുംബം പിന്നീട് ക്രമക്കേടുകളെത്തുടർന്ന് പിന്നിലേക്ക് മാറ്റപ്പെട്ടെന്ന് കുടുംബം ആരോപിക്കുന്നു.
ഇനി അടുത്തൊന്നും വീട് എന്ന സ്വപ്നം സഫലമാകില്ലെന്ന് മനസിലായതോടെയാണ് ഗൃഹനാഥൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഗൗനിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇനിയും നടപടികൾ സ്വീകരിച്ചില്ലങ്കിൽ സമരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജില്ലാ കലക്ടർക്ക് പരാതി നൽകി.
Discussion about this post