അനുമതി ഇല്ലാതെ സാനിട്ടൈസര്‍ വിറ്റാല്‍ നടപടി; ലൈസന്‍സ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം. ചില്ലറ വ്യാപാരികള്‍ 20 A ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ 20 B ലൈസന്‍സ് എടുക്കണം. അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെജെ ജോണ്‍ അറിയിച്ചു.

കോവിഡ് വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത സാനിട്ടൈസര്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്തവ പിടിച്ചെടുത്തിരുന്നു.

തുടര്‍ന്നാണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതനുസരിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ചില്ലറ വില്‍പനശാലകള്‍ സാനിട്ടൈസര്‍ വില്‍ക്കണമെങ്കില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിഷ്‌കര്‍ഷിക്കുന്ന 20 A ലൈസന്‍സ് എടുക്കണം. മൊത്തവിതരണക്കാര്‍ക്ക് 20 B ലൈസന്‍സും നിര്‍ബന്ധമാക്കി.
ഓരോ ജില്ലയിലേയും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്ന് ലൈസന്‍സ് എടുക്കാം.

സൗന്ദര്യ വര്‍ധക വസ്തു ഉല്‍പാദന ലൈസന്‍സ് പ്രകാരം നിര്‍മിക്കുന്ന അണുനശീകരണം സാധ്യമല്ലാത്ത സാനിട്ടൈസര്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു.

അതേസമയം, മരുന്ന് വിതരണക്കാര്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സുള്ളതിനാല്‍ ഈ നിബന്ധന ബാധകമല്ല. ആയുര്‍വേദ ലൈസന്‍സിന് കീഴില്‍ ഉല്‍പാദിപ്പിക്കുന്ന സാനിട്ടൈസറുകള്‍ വില്‍ക്കാന്‍ ലൈസന്‍സ് വേണ്ട.

Exit mobile version