കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളെ അപമാനിച്ച കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തി നീചമെന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ്. കോഴിക്കോട് നിപ്പാ പടർന്നപ്പോൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണു അന്നത്തെ വടകര എംപിയായിരുന്ന മുല്ലപ്പള്ളിയെന്ന് നിപ്പാ കാലത്ത് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞു. സ്വകാര്യ ചാനലിനോടായിരുന്നു സജീഷിന്റെ പ്രതികരണം.
ലിനിയുടെ മരണശേഷവും തങ്ങളെ വിളിക്കുക പോലും ചെയ്തില്ല. നിപ പ്രതിരോധ സമയത്ത് ഗസ്റ്റ് റോളിൽ പോലും ഇല്ലാതിരുന്ന ആളാണു മുല്ലപ്പള്ളി. അന്ന് ആരോഗ്യപ്രവർത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകർന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും സജീഷ് പറഞ്ഞു. ടീച്ചറുടെ ആശ്വാസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് തുറന്നുപറയുന്നു.
അതേസമയം, പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.
‘കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആർട്ടിസ്റ്റ് ‘ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നത്,’- മുല്ലപ്പള്ളിയുടെ വാക്കുകളിങ്ങനെ.
Discussion about this post