ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.’ സച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സംവിധായകൻ സച്ചിദാനന്ദന്റെ മരണം നഞ്ചമ്മയ്ക്ക് താങ്ങാനാവുന്നില്ല.സംവിധായകൻ മാത്രമായിരുന്നില്ല. മകനെപോലെയായിരുന്നു നഞ്ചമ്മയ്ക്ക് സച്ചി. നഞ്ചമ്മയുടെ പാട്ടുകൾ മാത്രമായിരുന്നില്ല, നഞ്ചമ്മയേയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു.
പാട്ടുകാരിയാണെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിൽ പാടിയതോടെയാണ് നഞ്ചമ്മ നാടറിയുന്ന പാട്ടുകാരിയായത്. സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ സച്ചി നഞ്ചമ്മയെ വിളിച്ചിരുന്നു. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങൾ തിരക്കി. ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്തത് കുറച്ചു ദിവസം മുമ്പാണ്. നഞ്ചമ്മയുടെ എല്ലാ പാട്ടും ഇഷ്ടമാണെങ്കിലും ദൈവമകളേ.. എന്ന പാട്ടായിരുന്നു സച്ചിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് നഞ്ചമ്മ ഓർത്തെടുക്കുന്നു. മകളെ നഷ്ടപ്പെട്ട് നെഞ്ച് തകർന്ന് അമ്മ പാടുന്നതാണ് ദൈവ മകളേ… എന്ന പാട്ട്.
അതേസമയം, അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി പഴനിസ്വാമിയും വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ്. സിനിമയിൽ അവസരം തേടി നടന്ന പഴനിസ്വാമിയ്ക്ക് ആളറിയുന്ന വേഷം കൊടുത്തത് സച്ചിയാണ്. പതിനഞ്ച് വർഷത്തോളം സിനിമാ മോഹവുമായി നടന്ന എനിക്ക് നല്ല വേഷം തന്നത് സച്ചിസാറാണെന്ന് പഴനിസ്വാമി പറയുന്നു. തന്നോട് അത്രയേറെ സ്‌നേഹം കാണിച്ചിരുന്ന ആളാണ് സച്ചിയെന്നും മരണം തീരാവേദനയാണെന്നും പഴനിസ്വാമി പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിലേക്ക്
മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് സച്ചിയെന്നും പഴനിസ്വാമി പറയുന്നു
Discussion about this post