തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ബോളിവുഡ് നടന് ജോണ്‍ അബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നുമാണ് താരം ട്വീറ്റ് ചെയ്തത്. സച്ചിയുടെ അവസാന ചിത്രം ‘അയ്യപ്പനും കോശിയു’ടെയും ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയത് ജോണ്‍ അബ്രഹാമിന്റെ ജെ.എ എന്റര്ടൈന്മെന്റ്സാണ്
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതം മൂലമാണ് സച്ചിയുടെ മരണം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കവേയാണ് അന്ത്യം.
2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം. സുഹൃത്തായ സേതുവുമൊത്ത് 2007ല്‍ എഴുതിയ ‘ചോക്ലേറ്റ്’ സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളായത്. 2011ല്‍ ഡബിള്‍സിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ 2012ലെ വമ്പന്‍ ഹിറ്റായിരുന്നു. വന്‍ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഒരുമിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും സച്ചിയുടെ രചനയാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു.
Shattered to lose such a talent. Rest In Peace my friend. #RIP #Sachy pic.twitter.com/VdDSE168xY
— John Abraham (@TheJohnAbraham) June 18, 2020
Discussion about this post