തൃശ്ശൂര്‍: ചലച്ചിത്രകാരനും സഹപ്രവര്‍ത്തകനുമായ സച്ചിയുടെ മരണത്തില്‍ വേദനയോടെ ബിജു മേനോന്‍. ‘മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിങ്ങള്‍ പോയത്’ എന്ന് ബിജുമോനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സച്ചിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടല്‍ വെളിവാക്കുന്നതാണ് ബിജു മേനോന്റെ വാക്കുകള്‍.
വളരെ ചുരുങ്ങിയ വാക്കുകളിലൂടെയാണ് ബിജുമോനോന്‍ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തന്റെ ദുഃഖം വ്യക്തമാക്കുന്നതാണ് ആ വാക്കുകള്‍. ‘ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിച്ചു. മരിക്കുമ്പോഴും അങ്ങനെതന്നെ. മുന്നറിയിപ്പൊന്നുമില്ലാതെയാണ് നിങ്ങള്‍ പോയത്, ഒരുപാട് വേഗത്തില്‍. അഗാധമായ വ്യസനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം കാക്കട്ടെ’, ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സച്ചിയുടെ മിക്ക ചിത്രങ്ങളിലും ബിജു മോനോനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍ നായര്‍ എന്ന പോലീസുകാരനായി മറ്റൊരാളെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ തന്റേതാക്കിയിരുന്നു ബിജു മേനോന്‍.
പൃഥ്വിരാജ് നായകനായ സച്ചിയുടെ അനാര്‍ക്കലിയിലും ബിജു മോനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കൂടാതെ സീനിയേഴ്‌സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ് തുടങ്ങി സച്ചി തിരക്കഥയൊരുക്കിയ മിക്ക സിനിമകളിലും ബിജു മേനോന്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് സച്ചിയുടെ മരണം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം.