നിപ്പ ജാഗ്രത നിര്‍ദ്ദേശത്തിന് പിന്നാലെ വ്യാജവാര്‍ത്തകള്‍ സജീവം, കരുതിയിരിക്കാം…നിപ്പയേയും ഇത്തരം അയാഥാര്‍ത്ഥ്യമായ പ്രചരണങ്ങളെയും

വ്യാജ വാര്‍ത്തയില്‍ കൂടുതലും പേരാമ്പ്രയിലെ സൂപ്പിക്കട കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നത്

കോഴിക്കോട്: നിപ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും കാട്ടുതീ പോലെ പരക്കുകയാണ്. വ്യാജ വാര്‍ത്തയില്‍ കൂടുതലും പേരാമ്പ്രയിലെ സൂപ്പിക്കട കേന്ദ്രീകരിച്ചാണ് ഉണ്ടാകുന്നത്. ഇവിടെ വീണ്ടും നിപാ ബാധയുണ്ടാവും എന്ന രീതിയിലാണ് പ്രചരണം ഉണ്ടാകുന്നത്.

കഴിഞ്ഞ മെയില്‍ നിപാ ബാധ റിപ്പോര്‍ട്ട് ചെയ്ത സമയത്തും വ്യാജ വാര്‍ത്തകള്‍ വ്യാപകമായ രീതിയില്‍ പടര്‍ന്നിരുന്നു. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കോഴിയിറച്ചിയിലൂടെ വൈറസ് പടരുമെന്ന് കാണിച്ച് കോഴിക്കോട് ഡിഎംഒയുടെ വ്യാജസീല്‍ ഉപയോഗിച്ചുള്ള സര്‍ക്കുലര്‍ ആസമയത്ത് പ്രചരിക്കപ്പെട്ടിരുന്നു.

പ്രകൃതിചികിത്സകരായ ജേക്കബ് വടക്കുംചേരി,മോഹനന്‍ വൈദ്യര്‍ എന്നിവര്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തെത്തി. 50-ലധികം കേസുകള്‍ പൊലീസ് അന്ന് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇരുപതോളം പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആരോഗ്യവകുപ്പ് നേരിട്ട് ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്യും.പേരാമ്പ്രയിലെ വീടുകളില്‍ നേരിട്ടെത്തി ബോധവത്കരണം നടത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

 

Exit mobile version