തൃശ്ശൂര്‍: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അതിനിടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം.
സച്ചിയുടെ വിയോഗം സിനിമാ മേഖലയിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനിയിട്ടില്ല. 48 വയസ്സ് മാത്രമുള്ളപ്പോള്‍, പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ഇനിയും മികച്ച തിരക്കഥകളും സിനിമകളും മലയാളത്തിന് സംഭാവന ചെയ്യാന്‍ കഴിവുണ്ടായിരുന്ന പ്രതിഭയാണ് അകാലത്തില്‍ വിടവാങ്ങിയത്.
Discussion about this post