സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദനയോടെ മലയാള സിനിമ ലോകം. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് സച്ചിയുടെ മരണം.
സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജ്. ‘ പോയി’ എന്ന ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി.
പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്.
അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു. സച്ചിയുടെ ആദ്യ സംവിധാന ചിത്രമായ അനാര്‍ക്കലിയിലും പൃഥിരാജായിരുന്നു നായകന്‍.
സച്ചിയുടെ മരണം മലയാള സിനിമാലോകത്തിന് തീരാനൊമ്പരമായി മാറിയിരിക്കുകയാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Discussion about this post