ലോക്ക്ഡൗണില്‍ 3.64 ലക്ഷം രൂപയുടെ മദ്യം കടത്തി: മൂന്ന് ബെവ്കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ലോക്ക്ഡൗണില്‍ അടച്ചിട്ട ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് 3.64 ലക്ഷം രൂപയുടെ മദ്യം കടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ റോഡിലെ ബിവറേജസിലാണ് സംഭവം. ജീവനക്കാരായ ടി മോഹനചന്ദ്രന്‍, സികെ വിനോദ് കുമാര്‍ ടി നിഖില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

മാവൂര്‍ റോഡിലെ ഔട്ട്ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബെവ്കോ റീജണല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

മൂന്നിരട്ടിയോളം വിലയ്ക്ക് മദ്യം വില്‍പ്പന നടത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെവ്കോ എംഡിയുടെ നിര്‍ദേശപ്രകാരം മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്തത്.

സ്റ്റോക്കില്ലാത്ത മദ്യത്തിന് ക്ലാര്‍ക്കായ മോഹനചന്ദ്രന്‍ ബില്ലടിക്കുന്നത് മറ്റ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്. വില്‍പ്പനയ്ക്കാവശ്യമായ മദ്യം മോഹനചന്ദ്രന്‍ മറ്റ് ജീവനക്കാരായ വിനോദ് കുമാറിനും നിഖിലിനും നല്‍കിയിരുന്നതായി കണ്ടെത്തി.

മെയ് 28നാണ് മാവൂര്‍ റോഡിലെ അരയിടത്ത്പാലം ഔട്ട്‌ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റിയത്. കടത്തിയ മദ്യത്തിന് കൃത്രിമ ബില്ലുണ്ടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു. അരയിടത്ത്പാലം ഔട്ട്‌ലെറ്റില്‍ നിന്നെടുത്ത മദ്യം തണ്ണീര്‍പന്തല്‍ ഔട്ട്‌ലെറ്റിന്റെ സ്റ്റോക്കില്‍ ഉള്‍പ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎസ്ബിസി റീജണല്‍ മാനേജര്‍ വി സതീശനായിരുന്നു അന്വേഷണ ചുമതല.

Exit mobile version