കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രവാസികളുടെ മടങ്ങിവരവിനെ കുറിച്ച് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വൈകീട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ നൂലാമാലകൾ സൃഷ്ടിക്കുകയാണ്. മടങ്ങി വരുന്ന എല്ലാ പ്രവാസികളും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന സംസ്ഥാനത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രവാസികളെ വിലക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗികളെ ഒരു രാജ്യവും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എല്ലാവർക്കുമറിയാം. രോഗബാധിതരായവരെ ഒരു വിമാനത്തിലും മറ്റുള്ളവരെ വേറെ വിമാനത്തിലും കൊണ്ടുവരണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യ മൊരുക്കുകയാണ് വേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈവിട്ടു പോയതോടെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസിളെയും കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സർക്കാർ ഇനിയും തുടർന്നാൽ കുത്തിയിരിപ്പ് സമരരീതികൾ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.