കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. പത്താം പ്രതി സഹലാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവ് സഹൽ ആണെന്നാണ് പോലീസിന്റെ കുറ്റപത്രം. രണ്ട് വർഷം തികയുമ്പോഴാണ് ഇയാൾ കീഴടങ്ങിയത്. അഭിഭാഷകനൊപ്പമെത്തിയാണ് സഹൽ കോടതിയിലാണ് കീഴടങ്ങിയത്. നെട്ടൂർ സ്വദേശിയാണ് സഹൽ. നെട്ടൂരിലെ വീട്ടിലായിരുന്നു ഇയാൾ കുറച്ചുദിവസമായി ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായ തർക്കത്തെ തുടർന്നായിരുന്നു അഭിമന്യുവിനും സുഹൃത്തുക്കൾക്കും കുത്തേൽക്കുന്നത്. കുത്തേറ്റ അഭിമന്യു തൽക്ഷണം മരിച്ചിരുന്നു. അർജുൻ, വിനീത് എന്നീ എസ്എഫ്‌ഐ പ്രവർത്തകർക്കാണ് അഭിമന്യുവിനൊപ്പം പരിക്കേറ്റത്.
കേസിൽ ആദ്യ 16 പ്രതികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. കേസ് വിചാരണ ഘട്ടത്തിലാണ്. കൊലപാതകം ഗൂഢാലോചന, സംഘംചേരൽ തുടങ്ങി പതിമൂന്നോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.