കുന്നിക്കോട്: തെരുവനായ കടിച്ച മുറിവില്‍ പുഴുവരിച്ച് മാസങ്ങളായി വേദന തിന്ന് ഈശ്വരിയമ്മ. മകനും ബന്ധുക്കളും ഉണ്ടായിട്ടും 70കാരിയായ ഈശ്വരിയമ്മയെ നോക്കാനും പരിരക്ഷിക്കാനും ഉള്ളത് അയല്‍പക്കങ്ങളും നാട്ടുകാരും മാത്രമാണ്. തലവൂര്‍ ഞാറയ്ക്കാട് ചാമല പീലിക്കോട് കോളനിയിലെ ശ്രീവിലാസം വീട്ടില്‍ തനിച്ചായിരുന്നു ഈശ്വരിയമ്മ. ഒരുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റതോടെ പരസഹായം വേണമെന്നായി.
കിടന്ന കിടപ്പായതോടെ നാട്ടുകാരുടെ പരാതിയില്‍ ഈശ്വരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളക്ടര്‍ ഇടപെട്ടാണ് ഈശ്വരിയമ്മയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവാതെ കിടന്ന ഈശ്വരിയമ്മയ്ക്ക് കൂട്ടായി ഉള്ളത് പൂച്ചക്കുഞ്ഞുങ്ങള്‍ മാത്രമാണ്. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയത്.
സ്ഥിതി വഷളാകുമെന്ന് ബോധ്യമായതോടെ നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചെങ്കിലും ആരും വകവെച്ചില്ല. ഉടനെ കളക്ടറെ ഫോണില്‍ പരാതി അറിയിച്ചു. പിന്നാലെ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി. ഈശ്വരിയമ്മയുടെ ഒപ്പംപോകാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ വിട്ടുനിന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവും രേഖപ്പെടുത്തി. തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഈശ്വരിയമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയില്‍ ഇരുത്തേണ്ടതായി വന്നു.
ഒടുവില്‍ തലവൂര്‍ പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടാണ് ആശാ പ്രവര്‍ത്തകയെ ഒപ്പം അയച്ചത്. ഈശ്വരിയമ്മ ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയായാല്‍ അധികൃതര്‍ ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ പങ്കുവെച്ചു. 40 വര്‍ഷത്തോളം കശുവണ്ടിത്തൊഴിലാളിയായിരുന്നു ഈശ്വരിയമ്മ.
Discussion about this post