കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലിസുകാരന് കൊവിഡ്. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്പര്‍ക്കത്തിലൂടെയാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.
അതേസമയം ഇയാള്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പത്ത് പോലീസുകാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയായ പോലീസുകാരന്‍ കൂടുതല്‍ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാന്‍ സാധ്യതയുണ്ട്.
അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 97 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.