തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡിപ്പോ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ താമസിച്ചിരുന്ന ഡിപ്പോയിലെ വിശ്രമകേന്ദ്രമോ ബസുകളോ അണുവിമുക്തമാക്കിയിട്ടില്ലെന്നും മതിയാ സുരക്ഷാ ഉപകരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ഇന്ന് ബസ് എടുത്തിരുന്നില്ല.
എന്നാല്‍ ഡിപ്പോ അടച്ചിടാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമില്ലെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥര്‍ ജീവനക്കാരുുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍വീസ് നടത്താന്‍ ആരും തയ്യാറായില്ല. അതേസമയം ഡിപ്പോയിലെ ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഗതാഗതമന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ഡിപ്പോയും ഡിപ്പോയിലെ എല്ലാ ബസുകളും അണുവിമുക്തമാക്കും.
അതേസമയം രോഗം സ്ഥിരീകരിച്ച ഡ്രൈവറോടിച്ചിരുന്ന ബസില്‍ യാത്ര ചെയ്തിരുന്നവരെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ടെസ്റ്റിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവറുമായി സമ്പര്‍ക്കമുള്ള എട്ട് ജീവനക്കാരില്‍ അഞ്ചുപേര്‍ ക്വാറന്റൈനില്‍ കഴിയാതെ മുങ്ങിയിരുന്നു. ഇവരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും.
Discussion about this post