ഡ്രൈവര്‍ക്ക് കൊവിഡ്, സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; സമരം ന്യായം, സുരക്ഷ ഒരുക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാപ്പനംകോട് ഡിപ്പോയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്.

ജീവനക്കാര്‍ ഡ്യൂട്ടിക്ക് കയറാത്തിനാല്‍ സര്‍വീസുകള്‍ പുറപ്പെട്ടില്ല. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തം ആക്കും. രണ്ടാംനിര സമ്പര്‍ക്ക പട്ടികയിലും ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുള്‍പ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ കണ്ടെത്തി അനുവിമുക്തം ആക്കും. വേണ്ടി വന്നാല്‍ അടച്ചിടുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. അതേസമയം, പാപ്പനംകോട് ഡിപ്പോയിലെ കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമെന്നും ജീവനക്കാര്‍ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൊവിഡ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്യാബിന്‍ ഒരുക്കുമെന്നും സമരം പിന്‍വലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

Exit mobile version