ചെര്‍പ്പുളശ്ശേരി: ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി അമ്മയുടെ മൃതദേഹത്തിനരികില്‍
ഡോക്ടറായ മകള്‍ കാവലിരുന്നത് മൂന്ന് ദിവസം. ചെര്‍പ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട അധ്യാപിക ഓമന (72) ടീച്ചറുടെ മൃതദേഹത്തിനരികിലാണ് ഡോക്ടറായ മകള്‍ കവിത പ്രാര്‍ത്ഥന നടത്തിയിരുന്നത്.
ചളവറ എയുപി സ്കൂളിലെ അധ്യാപികയായിരുന്നു ഓമന. പ്രമേഹത്തെ തുടര്‍ന്ന് ഓമനയുടെ പാദം മുറിച്ചു മാറ്റിയിരുന്നു. കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്നും പറയുന്നു.
അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചളവറ പഞ്ചായത്ത് അധികൃതര്‍ ചെര്‍പ്പുളശ്ശേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കോവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
ചളവറ ഹയര്‍ സെക്കണ്ടറി സ്ക്കൂളിനു സമീപത്തെ വീട്ടിലാണ് ഓമനയും കവിതയും വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഞായറാഴ്ച്ചയാണ് ഓമന മരിച്ചത്. എന്നാല്‍ ഓമന ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയുമായി കവിത ഇരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനു ശേഷവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ചൊച്ചാഴ്ച്ച അമ്മ മരിച്ചുവെന്ന് അയല്‍വാസിയോട് ആദ്യം പറഞ്ഞു.
എന്നാല്‍, മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
Discussion about this post