തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ തീ കൊളുത്തി മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. ആറ്റിങ്ങല്‍ വിളയില്‍മൂലയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ദുബായില്‍ നിന്ന് എത്തിയ സുനില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇയാള്‍ പെട്രോള്‍ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുനില്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങള്‍ക്ക് മുന്‍പാണ് സുനില്‍ വിവാഹമോചിതനായത്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,234 പേര്‍ കോവിഡ് മുക്തരായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version