ചെങ്ങാലൂര്‍: ടിവി കാരണം കണ്ണീര് തോരാത്ത അവസ്ഥയിലാണ് വെണ്ണാട്ടുപറമ്പില്‍ ലിജോയുടെ കുടുംബം. ഇളയ മകളുടെ ജീവനെടുത്ത ടിവിയെ ഇനിയൊരിക്കലും വീട്ടിനകത്ത് കയറ്റില്ലെന്ന് തീരുമാനിച്ചുറപ്പിച്ച ലിജോയ്ക്ക് തീരുമാനം മാറ്റേണ്ടി വന്നിരിക്കുകയാണ്. കോവിഡ് കാലത്ത് സ്കൂളുകള്‍ തുറക്കാത്ത അവസ്ഥയില്‍, മകന്റെ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി വീണ്ടും ലിജോയുടെ വീട്ടില്‍ ടിവി എത്തി.
2 വര്‍ഷം മുമ്പാണ് ലിജോയുടെ ഇളയ മകള്‍ എയ്ഞ്ചല്‍ റോസ് ടെലിവിഷന്‍ ദേഹത്തേക്കു മറിഞ്ഞു വീണതിനെ തുടര്‍ന്നു മരണപ്പെട്ടത്. കണ്ട് കൊതിതീരും മുമ്പ് പൊന്നോമനയെ നഷ്ടപ്പെട്ട വേദനയില്‍ ഇനി ടിവി വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. ടിവി കാണുമ്പോഴൊക്കെ പൊന്നുമോളെ ഓര്‍ത്ത് കണ്ണീര് വാര്‍ത്തു.
ഇതിനിടയിലാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുന്നത്. ടിവി ഇല്ലാത്തതു കൊണ്ട് തന്നെ ലിജോയുടെ മകന് ലിജിന്‍ ക്ലാസുകള്‍ ലഭിക്കാതെയായി. ചെങ്ങാലൂര്‍ ഗവ. എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ലിജിന്‍.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടുത്തുള്ള വീടുകളെ ആശ്രയിക്കാനാകില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്തംഗം ബേബി കീടായിയുടെയും പൊതു പ്രവര്‍ത്തകനായ ജോയ് മഞ്ഞളിയുടെയും ഇടപെടലിലൂടെ ഒരു പ്രവാസി ലിജിന്റെ പഠനത്തിനായി എല്‍ഇഡി ടിവി സ്പോണ്സര് ചെയ്യുകയായിരുന്നു.
Discussion about this post