തൃശ്ശൂര്‍: പ്രമുഖ വിദ്യാഭ്യാസ, സാമൂഹിക പ്രവര്ത്തകന് ഡോ. പിസി തോമസ് (77) അന്തരിച്ചു. ലോകത്തിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ ഊട്ടി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ അമരക്കാരനാണ് പിസി തോമസ്.
ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. സംസ്കാരത്തിനായി മൃതശരീരം ഊട്ടിയിലെത്തിക്കും.
പ്രമുഖ ചലച്ചിത്ര നടന് ജോസ് പ്രകാശിന്റെ മകള്‍ എല്‍സമ്മയാണ് ഭാര്യ. മക്കള്‍: ജേക്കബ് തോമസ്, ജൂലി. ഏറ്റുമാനൂരിലെ പഴനിയില്‍ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനായി 1943ലാണ് പിസി തോമസ് ജനിച്ചത്.
പ്ലാന്റര്‍മാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും വിദ്യാഭ്യാസ മേഖലയിലായിരുന്നു പി.സി. തോമസിന്റെ താല്പര്യം.
ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കലിഫോര്‍ണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എജ്യുക്കേഷന്‍ മാനേജ്മെന്റില്‍ പിഎച്ച്ഡിയും നേടി.
വിദ്യാഭ്യാസ കാലത്തുതന്നെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന തോമസ് കോളജ് കാലത്ത് അറിയപ്പെടുന്ന പ്രസംഗകനും വിദ്യാര്‍ഥി പ്രവര്‍ത്തകനുമായിരുന്നു.
Discussion about this post