മുല്ലശ്ശേരി: തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനി ശ്രുതി ഭർതൃഗൃഹത്തിൽ വെച്ച് പരിക്കേറ്റ് മരിച്ച സംഭവത്തിൽ സമരശൃംഖല തീർത്ത് ബന്ധുക്കളും ജനീയ സമര സമിതിയും. ശ്രുതിയുടെ ജന്മഗൃഹം മുതൽ ഭർതൃഗൃഹം വരെ 12 കേന്ദ്രങ്ങളിലാണ് യുവചേതന ജനകീയസമരസമിതി സമര ശൃംഖല തീർത്തത്. പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മുല്ലശ്ശേരി സ്വദേശിനി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരശൃംഖല.
ജനുവരി ആറിനാണ് മുല്ലശ്ശേരി നരിയംപുള്ളി വീട്ടിൽ സുകുമാരന്റെ മകൾ ശ്രുതി (26) പെരിങ്ങോട്ടുകരയിലെ ഭർത്തൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിവാഹം കഴിഞ്ഞ് 15ാം ദിവസമായിരുന്നു മരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് പറഞ്ഞിട്ടും ഭർത്താവായ അരുണിനെയും വീട്ടുകാരെയും പോലീസ് വിശദമായി ചോദ്യംചെയ്യാൻ തയ്യാറായില്ലെന്നാണ് ആരോപണം.
പ്രാഥമികാന്വേഷണം നടത്തിയ അന്തിക്കാട് പോലീസിനെതിരേയും പരാതികളുയർത്തുകയാണ് കുടുംബം. കുഴഞ്ഞുവീണു മരിക്കാനുള്ള അസുഖങ്ങളൊന്നും തന്റെ മകൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് ശ്രുതിയുടെ അച്ഛൻ സുകുമാരൻ പറയുന്നത്. ആത്മഹത്യചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സംശയിക്കുന്നതായി സുകുമാരൻ ആരോപിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് മുൻപോട്ട് പോകുന്നതിനുള്ള ഒരുക്കം നടത്തുന്നതിനിടയിലായിരുന്നു ശ്രുതിയുടെ മരണം എന്നതിനാൽ തന്നെ ആത്മഹത്യയല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവദിവസം വൈകീട്ട് വളരെ സന്തോഷത്തോടെയാണ് മുല്ലശ്ശേരിയിൽനിന്ന് മകൾ പെരിങ്ങോട്ടുകരയിലെ വീട്ടിലേക്ക് പോയത്. അവിടെയെത്തിയിട്ട് രാത്രിയിൽ ഫോണിലും ബന്ധപ്പെട്ടിരുന്നു. പിന്നീട് കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്ന വിവരമാണ് കിട്ടിയത്. ആശുപത്രിയിലെത്തിയപ്പോൾ മകൾ അർധനഗ്നയായി ആംബുലൻസിൽ കിടക്കുകയായിരുന്നുവെന്നും സുകുമാരൻ പറഞ്ഞിരുന്നു.
അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടിയുടെ ജന്മഗൃഹം മുതൽ ദുരൂഹമരണത്തിനിരയായ പെരിങ്ങോട്ടുകരയിലെ ഭർതൃവീട് വരെയാണ് സമരം സംഘടിപ്പിച്ചത്. ശ്രുതിയുടെ സഹോദരൻ ശ്രീരാഗ് ആദ്യകണ്ണിയായി ചേർന്നു. സമരത്തിന്റെ ഭാഗമായുള്ള പൊതുയോഗം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എപി ബെന്നി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ചന്ദ്രകലാ മനോജ് അധ്യക്ഷയായി. പെരിങ്ങോട്ടുകര ഭർതൃഗൃഹത്തിനു സമീപം നടന്ന അവസാന സമരകേന്ദ്രത്തിൽ ശ്രുതിയുടെ അമ്മ ശ്രീദേവിയും അച്ഛൻ സുകുമാരനും കണ്ണിയായി.
വിവിധ സമരകേന്ദ്രങ്ങളിൽ ടിവി ഹരിദാസൻ, പിഎ രമേശൻ, കെആർ ജോർജ്, കെബി വിപിൻ, എസി മിഥുൻ, കെപി ആലി, എകെ ഹുസൈൻ, വിഎൻ സുർജിത്ത് എന്നിവർ പ്രസംഗിച്ചു.