കല്‍പ്പറ്റ: കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ കണ്ണീരായി മാറിയ ഇടമാണ് പുത്തുമല.
നിമിഷനേരം കൊണ്ടാണ് ഒരു പ്രദേശവും ജനങ്ങളും മണ്ണിന് ആഴങ്ങളിലേക്ക് മറഞ്ഞത്.
അതേസമയം, പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ പ്ലോട്ടുകള്‍ക്ക് അവകാശികളായി. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഓരോ പ്ലോട്ടിന്റെയും ഗുണഭോക്താക്കളെ കണ്ടെത്തിയത്.
മന്ത്രി എകെ ശശീന്ദ്രനാണ് ആദ്യ നറുക്കെടുത്തത്. സികെ ശശീന്ദ്രന് എംഎല്‍എ, കളക്ടര്‍ ഡോ. അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആര്. ഇളങ്കോ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദ് എന്നിവര്‍ക്ക് പുറമേ പുത്തുമല നിവാസികളും നറുക്കെടുപ്പില്‍ പങ്കാളികളായി.
ആദ്യ ഘട്ടത്തില്‍ 52 പേര്‍ക്കാണ് പ്ലോട്ട് അനുവദിച്ചത്. ഓരോ പ്ലോട്ടിനും പ്രത്യേകം നമ്പര്‍ നല്‍കിയായിരുന്നു നറുക്കെടുപ്പ്. മാതൃഭൂമി സ്നേഹഭൂമി പദ്ധതിയിലൂടെ വാങ്ങി നല്കിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഹര്‍ഷം എന്ന പേരില്‍ ഗുണഭോക്താക്കള്‍ക്കായി വീട് നിര്‍മിക്കുക.
അടുത്ത ആഴ്ചയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. സന്നദ്ധ സംഘടകളുടെയും വ്യക്തികളുടെയും സഹായവാഗ്ദാനവും സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.
Discussion about this post